കാഫിര്‍ സ്ക്രീന്‍ ഷോട്ട്: അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
Tuesday, September 10, 2024 7:22 AM IST
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ വ്യാജ "കാഫിര്‍’സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച കേസില്‍ അന്വേഷണം അകാരണമായി വൈകിക്കരുതെന്നു ഹൈക്കോടതി. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധന എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഉത്തരവിട്ടു.
സ്ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണം. മതസ്പര്‍ധ വളര്‍ത്തുന്നുവെന്ന കുറ്റം ഉള്‍പ്പെടുത്തുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണം കാലതാമസമില്ലാതെ പൂര്‍ത്തിയാക്കണമെന്നു നിര്‍ദേശിച്ച് കോടതി ഹര്‍ജി തീര്‍പ്പാക്കി.
തന്റെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതില്‍ ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം നല്കിയ ഹര്‍ജിയാണു തീര്‍പ്പാക്കിയത്.അന്വേഷണം ശരിയായ നിലയിലാകണമെന്നും ഹര്ജിക്കാരന് ആവശ്യമെങ്കില്‍ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
പോസ്റ്റിന്റെ ഉറവിടം കണ്ടെത്താന്‍ എല്ലാ ശ്രമവും തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രണ്ട് എഫ്ഐആറിലെയും കേസ് ഡയറി പരിശോധിച്ചതില്‍ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. അന്വേഷണം എങ്ങനെ വേണമെന്നു നിര്‍ദേശിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
വ്യാജരേഖ ചമച്ചവരെ കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് മുഹമ്മദ് കാസിം വ്യക്തമാക്കി. വ്യാജ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവരുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കണമെന്നും ഹര്ജിക്കാരന് ആവശ്യമുന്നയിച്ചു. എന്നാല്‍ ആയിരത്തോളം ഫോണുകളുണ്ടാകാമെന്നും അന്വേഷണ സംഘത്തിനോട് അതെല്ലാം പരിശോധിക്കാൻ ആവശ്യപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു.