ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പണം തട്ടി; ആസാം സ്വദേശികള്‍ അറസ്റ്റില്‍
Tuesday, September 10, 2024 3:54 AM IST
കാസര്‍ഗോഡ്: ഇന്റര്‍നെറ്റ് ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗ് ആപ്പുകളും ഉപയോഗിക്കാതിരുന്ന ആളുടെ അക്കൗണ്ടില്‍നിന്ന് ഓണ്‍ലൈനായി ആസാം സ്വദേശികള്‍ തട്ടിയെടുത്തത് 10 ലക്ഷം. സംഭവവുമായി ബന്ധപ്പെട്ട് ആസാമിലെ മൊറിഗാവ് സ്വദേശികളായ ആഷിഖുള് ഇസ്ലാം (19), ഫോയിജുള് ഹഖ് (41) എന്നിവരെ കാസര്‍ഗോഡ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
തളങ്കര സ്വദേശിയുടെ എന്‍ആര്‍ഐ അക്കൗണ്ടില്‍നിന്നാണു പണം നഷ്ടമായത്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ചേര്‍ത്ത മൊബൈല്‍ നമ്പര്‍ കാലങ്ങളായി ഉപയോഗിക്കാതെ ഡിആക്ടിവേറ്റഡ് ആയിരുന്നു. മൊബൈല്‍ കമ്പനികള്‍ക്ക് ഇത്തരം ഫോണ്‍ നമ്പറുകള്‍ ആറുമാസത്തിനു ശേഷം പുതിയ വരിക്കാരനു നല്‍കാം. ഈ നമ്പര്‍ ലഭിച്ച ആസാം സ്വദേശികള്‍ മൊബൈല്‍ നമ്പറിലേക്ക് ഒടിപി അടക്കമുള്ളവ പ്രയോജനപ്പെടുത്തി പ്രവാസിയുടെ അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കുകയായിരുന്നു.
കേസില്‍ 2023 ഏപ്രില്‍ ഒന്നിനും 2024 ജൂണ്‍ 30നും ഇടയിലുള്ള സമയത്ത് പല തവണകളായാണ് പണം പിന്‍വലിച്ചത്. പ്രവാസിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഫോണ്‍ പോലും ഉപയോഗിക്കാത്ത ഇദ്ദേഹത്തിന്റെ പണം ഓണ്‍ലൈന്‍ വഴി എങ്ങനെ പിന്‍വലിച്ചുവെന്നതു തുടക്കത്തില്‍ പോലീസിനെ കുഴക്കിയിരുന്നു. എന്നാല്‍, സൈബര്‍ പോലീസുമായി സഹകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കേസിനു തുമ്പുണ്ടാക്കാന്‍ സാധിച്ചത്.
പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിന്റെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടന്നത് മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വച്ചും ആസാമിലെ നാഗാവ് ജില്ലയില്‍ വച്ചുമാണെന്നു തിരിച്ചറിഞ്ഞു. പിന്നീട് അന്വേഷണ സംഘം ആസാമിലെത്തി നടത്തിയ പഴുതടച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മൂന്നു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.
ആസാം പോലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ പ്രതികള്‍ കേരളത്തിലേക്ക് കടന്നു കളഞ്ഞതായി മനസിലായി. പിന്നീട് അന്വേഷണ സംഘം മലപ്പുറം, തൃശൂര്‍ ഭാഗങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടു പേര് പിടിയിലായി. മറ്റൊരു പ്രതി ഒളിവിലാണെന്നും പോലീസ് അറിയിച്ചു.