ജിഎസ്ടി കുറച്ചു; കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും
Monday, September 9, 2024 10:02 PM IST
ന്യൂഡൽഹി: കാൻസർ മരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗവേഷണത്തിന് നൽകുന്ന ഗ്രാന്റിന് ജിഎസ്ടി ഒഴിവാക്കാനും ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു.
കാൻസർ മരുന്നുകളുടെ ജിഎസ്ടി കുറച്ചതോടെ ഈ മരുന്നുകളുടെ വില കുറയും. മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കണമെന്ന് ശിപാർശ മന്ത്രിതല സമിതിക്ക് വിട്ടു. നവംബറില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഈകാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞു.
ഓണ്‍ലൈന്‍ ഗെയിമിംഗിൽ നിന്നുള്ള വരുമാനം 412 ശതമാനം വര്‍ധിച്ചു 6,909 കോടിയായി. ആറുമാസത്തിലാണ് ഈ തുക ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ച മന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുത്തു.