ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; തുടരന്വേഷണം ആവശ്യപ്പെട്ടതിൽ മുഖ്യമന്ത്രിക്ക് നീരസം
Monday, September 9, 2024 11:01 AM IST
തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള എഡിജിപിയുടെ നിര്‍ദേശത്തില്‍ മുഖ്യമന്ത്രിക്ക് നീരസം. ഡിജിപിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എതിര്‍പ്പറിയിച്ചത്.
എഡിജിപി എം.ആർ.അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് കേസില്‍ തുടരന്വേഷണം നടത്താന്‍ കൊല്ലം എസ്പി തീരുമാനിച്ചത്. കേസിൽ വിചാരണനടപടികള്‍ ആരംഭിക്കാനിരിക്കെ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു.
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നെന്നും ഇക്കാര്യം കുട്ടിയുടെ സഹോദരന് പറഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരുന്നു. ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് അന്വേഷിക്കാനാണ് തുടരന്വേഷണത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.