ലക്നോയിൽ കെട്ടിടം തകർന്നുവീണ സംഭവം: മൂന്നംഗ കമ്മിറ്റി അന്വേഷിക്കും
Monday, September 9, 2024 5:18 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലക്നോയിൽ കെട്ടിടം തകർന്നുവീണതിനെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാന ആഭ്യന്തരസെക്രട്ടറി സഞ്ജീവ് ഗുപ്തയാണ് കമ്മിറ്റിയുടെ ചെയർമാൻ.
ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ട്രാൻസ്പോർട്ട് നഗർ പ്രദേശത്ത് മൂന്നുനിലക്കെട്ടിടം തകർന്നു വീണത്. അപകടത്തിൽ എട്ട് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെയെല്ലാം രക്ഷപ്പെടുത്തിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു.
അപകടസ്ഥലവും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ചു. നാലുവർഷം മുന്പ് നിർമിച്ച കെട്ടിടമാണു തകർന്നുവീണത്. അപകടം നടക്കുന്പോൾ കെട്ടിടത്തിൽ ചില നിർമാണപ്രവർത്തനങ്ങൾ നടന്നിരുന്നതായി പോലീസ് പറഞ്ഞു.