തലസ്ഥാനത്തെ കുടിവെള്ള ക്ഷാമം; കുറ്റകരമായ അനാസ്ഥയെന്ന് വി.കെ.പ്രശാന്ത്
Sunday, September 8, 2024 6:51 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങിയതിനെ വിമർശിച്ച് വി.കെ.പ്രശാന്ത് എംഎൽഎ. നഗരത്തിൽ നാല് ദിവസം കുടിവെള്ളം മുട്ടിച്ച പൈപ്പ് മാറ്റിയിടൽ അവസാന ഘട്ടത്തിലേക്ക് എത്തിയെന്ന് വാട്ടർ അഥോറിറ്റി അറിയിച്ചു.
എന്നാൽ പൈപ്പ് മാറ്റിയിടലിനെയും കുടിവെള്ള വിതരണം മുടങ്ങിയതിനെയും വിമർശിച്ച് എംഎൽഎയും മുൻ മേയറുമായ വി.കെ.പ്രശാന്ത് രംഗത്ത് എത്തി. ഇങ്ങനെയൊരു സ്ഥിതി എങ്ങനെ ഉണ്ടായി എന്ന് പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം.
ഇതു സംബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിനു പരാതി നൽകും. വാട്ടര്‍ അഥോറിറ്റിക്ക് വീഴ്ചപറ്റി. 48 മണിക്കൂറില്‍ തീരേണ്ടപണി നീണ്ടുപോയി. ബദല്‍മാര്‍ഗം ഏര്‍പ്പെടുത്തുന്നതില്‍ കുറ്റകരമായ അനാസ്ഥയുണ്ടായെന്നും അദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിന് വാട്ടര്‍ അഥോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്.
നാൽപ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നില്ല. ഇതോടെയാണ് പ്രതിഷേധവുമായി എംഎൽഎ അടക്കമുള്ളവർ രംഗത്ത് എത്തിയത്.