എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Sunday, September 8, 2024 4:16 PM IST
പാലക്കാട്: എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വല്ലപ്പുഴ സ്വദേശി കളത്തിൽ സുഹൈർ (17) ആണ് മരിച്ചത്.
ഇന്ന് ചുണ്ടമ്പറ്റ നാട്യമംഗലം ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്. വെള്ളിയാഴ്ചയാണ് എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് ഇയാളും സുഹൃത്തും പുഴയിൽ ചാടിയത്.
എന്നാൽ സുഹൃത്ത് നീന്തി കരയ്ക്കെത്തിയിരുന്നു. തുടർന്ന് സുഹൈറിനായി തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് ഇന്ന് മൃതദേഹം ലഭിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
സുഹൈറിന്റ സുഹൃത്തുക്കളിൽ എട്ട് പേരെ നാല് കിലോ കഞ്ചാവുമായി വെള്ളിയാഴ്ച എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്.