ത്രിദിന സന്ദർശനത്തിനായി രാഹുൽ ഗാന്ധി യുഎസിൽ; ഊഷ്മള സ്വീകരണം നല്കി ഇന്ത്യൻ ജനത
Sunday, September 8, 2024 3:30 PM IST
ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തി. ടെക്സസിലെ ഡാളസില്‍ എത്തിയ അദ്ദേഹത്തെ പ്രവാസികളും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.
സ്വീകരണത്തിന് നന്ദി പറഞ്ഞ രാഹുൽ, സന്ദർശനത്തിലൂടെ നടക്കുന്ന ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഉപകരിക്കുമെന്നും ഇതിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു.
പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ അമേരിക്കൻ സന്ദര്‍ശനമാണിത്. ഡാളസ്, ടെക്സസ്, വാഷിംഗ്ടൺ എന്നിവിടങ്ങളിലാണ് സന്ദർശനം.
ചൊവ്വാഴ്ച വരേ നീളുന്ന സന്ദർശനത്തിൽ രാഹുൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഡാലസിലെ ഇന്ത്യക്കാരും അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ വ്യക്തികളും പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.
ടെക്സാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുമായും അക്കാദമിക വിദഗ്ധരുമായി രാഹുൽ സംവദിക്കും. അത്താഴ വിരുന്നില്‍ സാങ്കേതിക വിദഗ്ധരെയും പ്രാദേശിക നേതാക്കളെയും കാണും.
പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ അദ്ദേഹം നാഷണൽ പ്രസ് ക്ലബിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തും. മറ്റ് ഗ്രൂപ്പുകളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിവരം.