അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ; അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ: എഡിജിപിക്കെതിരേ വീണ്ടും അൻവര്‍
Sunday, September 8, 2024 2:42 PM IST
കോഴിക്കോട്: എഡിജിപി എം.ആര്. അജിത് കുമാറിനെതിരെ വീണ്ടും പി.വി. അൻവര്‍ എംഎല്‍എ. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനൽ തന്നെയാണെന്നും അവധിയില്‍ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും അജിത് കുമാര്‍ ഇടപെട്ടിട്ടുണ്ട്. ഇതിന് തെളിവുകളുണ്ട്. ഈ തെളിവുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറും. മാമി കൊല്ലപ്പെട്ടു എന്നാണ് സംശയിക്കുന്നതെന്നും അൻവര്‍ കൂട്ടിച്ചേർത്തു. മാമിയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവര്‍.
സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ നിന്ന് തത്കാലം പിന്നോട്ട് പോകണമെന്ന് മാമിയുടെ കുടുംബത്തോട് പി.വി. അന്‍വര്‍ ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിശ്വാസമുണ്ട്. തെളിവുകള്‍ പുതിയ ക്രൈംബ്രാഞ്ച് സംഘത്തിന് സീല്‍ വച്ച കവറില്‍ നല്‍കും. മാമി തിരോധാനത്തില്‍ ക്രൈം ബ്രാഞ്ചിന് കുടുംബം പുതിയ പരാതി നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.
എഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന് നല്ലതിനായി പ്രാർഥിക്കാം എന്നായിരുന്നു അന്‍വർ മറുപടി നല്‍കിയത്. അജിത് കുമാറിന് സുജിത്ത് ദാസിന്റെ ഗതി വരുമെന്നും കാലചക്രം തിരിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പി. ശശിക്കെതിരായ ആരോപണത്തിൽ നടപടിയൊന്നും ഇല്ലല്ലോ എന്ന ചോദ്യത്തിന്, ഇനി രാഷ്ട്രീയ മറുപടിയില്ലെന്ന് അൻവർ പ്രതികരിച്ചു. ഇനി രാഷ്ട്രീയ ആരോപണം ഉണ്ടാവില്ല. ഇനി രാഷ്ട്രീയം പറയാൻ ഇല്ല. ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ മാത്രമാണ് മറുപടി പറയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.