കുടിവെള്ള പ്രതിസന്ധി: വൈകുന്നേരത്തിനു മുമ്പ് പരിഹരിക്കുമെന്ന് മന്ത്രി റോഷി, സ്ഥലത്ത് നേരിട്ടെത്തി
Sunday, September 8, 2024 1:29 PM IST
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് പരിധിയിലെ കുടിവെള്ള പ്രതിസന്ധി വൈകുന്നേരം നാലിനു മുമ്പ് പരിഹരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ചില സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് കുടിവെള്ള വിതരണം വൈകിയത്. ഉച്ചയ്ക്ക് രണ്ടോടെ പമ്പിംഗ് ചാര്‍ജ് ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.
വാൽവിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണം. ഇല്ലായിരുന്നുവങ്കിൽ ഇന്നലെ തന്നെ പരിഹാരം കണ്ടെത്തുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒരു പൈപ്പ് കൂടി ജോയിൻ ചെയ്താൽ മതി. ഇത്രയും സമയം എടുക്കുമെന്ന് കരുതിയില്ലെന്നും റോഷി അഗസ്റ്റിന് കൂട്ടിച്ചേർത്തു.
നാല് ദിവസമായി ജലവിതരണം തടസപ്പെട്ടതോടെ നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. 44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് തടസപ്പെട്ടത്. തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാലാണ് നഗരത്തിൽ കുടിവെള്ളം മുടങ്ങിയത്. ഇന്ന് പുലർച്ചെ ഭാഗികമായി പമ്പിംഗ് തുടങ്ങിയിരുന്നെങ്കിലും വാൽവിൽ ലീക്ക് കണ്ടെത്തിയതോടെ വീണ്ടും ജലവിതരണം നിർത്തിവച്ചത്.
തകരാർ പരിഹരിച്ചതിന് ശേഷം പമ്പിംഗ് പൂർണ തോതിൽ തുടങ്ങുമെന്നാണ് ജല അഥോറിറ്റി അറിയിക്കുന്നത്. പമ്പിംഗ് ആരംഭിക്കുന്നതു വരേ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുമെന്ന് നഗരസഭ അറിയിച്ചു.