"ശരിയായ സമയം': അന്താരാഷ്ട്ര ക്രിക്കറ്റിനോടു വിടപറഞ്ഞ് മൊയീൻ അലി
Sunday, September 8, 2024 12:53 PM IST
ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഓൾറൗണ്ടർ മൊയീൻ അലി. ഓസ്ട്രേലിയയ്ക്കെതിരേ സ്വന്തം നാട്ടിൽ ഈ മാസം തുടങ്ങുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ മൊയീൻ ഇടംപിടിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് 37കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ട് ക്രിക്കറ്റിനായി താൻ ഒരുപാട് മത്സരങ്ങൾ കളിച്ചു, ഇപ്പോൾ അടുത്ത തലമുറയ്ക്ക് വഴിമാറി കൊടുക്കേണ്ട സമയമായിരിക്കുന്നു. ഇതാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ശരിയായ സമയമെന്ന് തോന്നുന്നുവെന്നും വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് മൊയീൻ അലി പറഞ്ഞു.
"ഞാൻ എന്റെ ഭാഗം ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇംഗ്ലണ്ടിന് വേണ്ടി കളിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം. ഞാൻ വിരമിക്കുന്നത് എന്നെക്കൊണ്ട് സാധിക്കില്ലെന്ന് തോന്നുന്നത് കൊണ്ടല്ല, എനിക്ക് ഇപ്പോഴും കളിക്കാൻ സാധിക്കുമെന്നാണ് എന്റെ വിശ്വാസം. എന്നാൽ, ടീമിന് വലിയ മാറ്റങ്ങളിലേക്ക് പോകാനുള്ള സമയമായി'- മൊയീൻ അലി പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാണ് തുടക്കകാലത്ത് താൻ ആഗ്രഹിച്ചത്. എന്നാൽ ഇയാൻ മോർഗൻ തന്നെ ഏകദിന ടീമിലേക്കും വിളിക്കുകയായിരുന്നു. അത് മികച്ച അനുഭവമായിരുന്നു. എങ്കിലും ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും മികച്ച ഫോർമാറ്റെന്ന് ഞാൻ കരുതുന്നുവെന്നും മൊയീൻ അലി കൂട്ടിച്ചേർത്തു.
2014ൽ ടെസ്റ്റില്‍ ശ്രീലങ്കക്കെതിരേയാണ് മൊയീന്‍ അലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്നത്. അതേവർഷം വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് ഏകദിനഅരങ്ങേറ്റം.
ഇംഗ്ലീഷ് കുപ്പായത്തിൽ 68 ടെസ്റ്റുകളും 138 ഏകദിനങ്ങളും 92 ട്വന്റി20 മത്സരങ്ങളും കളിച്ച മൊയീൻ അലി മൂന്ന് ഫോർമാറ്റുകളിലുമായി 6,678 റൺസാണ് അടിച്ചുകൂട്ടിയത്. എട്ടു സെഞ്ചുറികളും 28 അർധ സെഞ്ചുറികളും 366 വിക്കറ്റുകളും താരം സ്വന്തം പേരിലാക്കി.
ടെസ്റ്റില്‍ 3,094 റണ്‍സും 204 വിക്കറ്റുകളും, ഏകദിനത്തില്‍ 2,355 റണ്‍സും 111 വിക്കറ്റുകളും, ട്വന്റി20യില്‍ 1,229 റണ്‍സും 51 വിക്കറ്റുകളും നേടി.
2021ൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ട് അദ്ദേഹത്തെ തിരിച്ചുവിളിക്കുകയായിരുന്നു. 2024ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരേയായിരുന്നു മൊയീൻ അലി ഇംഗ്ലണ്ടിനായി അവസാനം കളിച്ചത്.