പൂരം കലക്കാൻ ചർച്ച നടത്തിയോ എന്ന് പറയേണ്ടത് എഡിജിപി: ബി. ഗോപാലകൃഷ്ണൻ
Saturday, September 7, 2024 3:40 PM IST
തൃശൂർ: എഡിജിപിയും ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടന്നോ എന്ന് വ്യക്തിപരമായി തനിക്ക് പറയാൻ കഴിയില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. താൻ ആ കൂടിക്കാഴ്ചയിൽ ഇല്ലായിരുന്നുവെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
കൂടിക്കാഴ്ച നടന്നു എന്ന് എഡിജിപി പറഞ്ഞത് അത്ര ഭയാനകമായ അട്ടിമറിയുടെ വാർത്തയല്ല. പൂരം കലക്കാനായി ചർച്ച നടത്തിയോ എന്ന് പറയേണ്ടത് എഡിജിപിയാണ്. പൂരം കലക്കാനായി പിണറായി വിജയന്റെ ദൂതുമായി ആണോ എത്തിയതെന്നും അദ്ദേഹത്തോട് ചോദിക്കണം.
ഇടതുപക്ഷവും പോലീസും ചേർന്ന് പൂരം കലക്കിയിട്ടുണ്ടാകും. താൻ നേരത്തേ പറഞ്ഞതാണ് 2016 ൽ പൂരത്തിന്റെ രക്ഷകനായി വന്നവർ 2024 ൽ പൂരത്തിന്റെ അന്തകരായി വന്നത് ജനങ്ങൾ കണ്ടതാണ്. ജനങ്ങൾ അതിൽ പ്രതികരിച്ചു.
പൂരം കലക്കിയാണ് സുരേഷ് ഗോപി തൃശൂരിൽ ജയിച്ചത് എന്നാണ് പറയുന്നത്. പുരവുമായി ബന്ധമില്ലാത്ത സ്ഥലമാണ് ഇരിങ്ങാലക്കുടയും ഗുരുവായൂരും അവിടെ എങ്ങനെയാണ് ബിജെപി ഇത്രയേറെ വോട്ട് നേടിയതെന്ന് ഗോപാലകൃഷ്ണൻ ചോദിച്ചു.
ആർഎസ്എസുമായി പല കാര്യങ്ങൾ ചർച്ചചെയ്യാം. അദ്ദേഹം ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ മാതൃസംഘടനയുമായി അദ്ദേഹത്തിന് കാണാൻ പല കാരണങ്ങളും ഉണ്ടാകില്ലേ എന്ന് ഗോപാലകൃഷ്ണൻ ചോദിച്ചു.
എഡിജിപിക്ക് എന്നല്ല ഡിജിപിക്കു പോലും ആർഎസ്എസുമായി ബന്ധപ്പെട്ട ആരേയും കാണാം. ആർഎസ്എസ് ഒരു നിരോധിത സംഘടനയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.