അജിത് കുമാർ-ദത്താത്രേയ ഹൊസബല കൂടിക്കാഴ്ച; മുഖ്യമന്ത്രി മൗനം വെടിയണം: കെ.സി. വേണുഗോപാൽ
Saturday, September 7, 2024 3:29 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറും ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സിപിഎമ്മിന് എന്തോ ഒളിച്ചുവയ്ക്കാനുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിൽ എന്തോ ഉണ്ടായിട്ടുണ്ട് എന്നത് വ്യക്തമാണ്. എന്തെങ്കിലും പറഞ്ഞു ഒഴിയാൻ പറ്റുന്നതല്ല. ജനം എല്ലാം കാണുന്നുണ്ട്. മുഖ്യമന്ത്രി മൗനം വെടിയണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു.
വിഷയത്തിൽ മറുപടി പറയാൻ സിപിഎമ്മിനാകുന്നില്ല. സിപിഎമ്മിനെ ആർഎസ്എസിന് പിന്നിൽ കെട്ടിയിടാനാണോ നേതൃത്വത്തിന്റെ ശ്രമം. തൃശൂർ പൂരം കലക്കിയതിൽ പോലീസിന്റെ കൈയുണ്ടെന്ന് ആക്ഷേപം വന്നു കഴിഞ്ഞു.ആർഎസ്എസുമായി ചങ്ങാത്തം ഉണ്ടാക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇടനിലക്കാരനായി. ഇക്കാര്യത്തിൽ ദുരൂഹത അകറ്റാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം.
അന്വേഷണം ആവശ്യപ്പെടുന്നവരെ തല്ലിച്ചതയ്ക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പിന്. സിപിഎമ്മിന് അഖിലേന്ത്യാ നേതൃത്വമുണ്ടെങ്കിൽ പ്രതികരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.