മണർകാട് പള്ളിയിൽ ദര്‍ശന പുണ്യമേകി നട തുറന്നു
Saturday, September 7, 2024 1:44 PM IST
മണര്‍കാട്: വിശുദ്ധ മര്‍ത്ത്മറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദര്‍ശന പുണ്യമേകി നട തുറന്നു. കത്തീഡ്രലിലെ പ്രധാന മദ്ബഹയില്‍ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ യും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങാണു നടതുറക്കല്‍. എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവസമാണ് നടതുറക്കല്‍.
രാവിലെ വലിയ പള്ളിയില്‍ നടന്ന മൂന്നിന്മേല് കുര്‍ബാനയെ തുടര്‍ന്ന് നടന്ന മധ്യാഹ്നപ്രാര്‍ഥനയ്ക്കു ശേഷം വിശ്വാസികളുടെ കണ്ഠങ്ങളില്‍നിന്ന് ഇടതടവില്ലാതെ ഒഴുകിയ പ്രാര്‍ഥനാ മഞ്ജരികള്‍ക്കു നടുവിലാണ് നടതുറന്നത്. വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്കും നടതുറക്കല്‍ ശുശ്രൂഷയ്ക്കും കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലൂസ് മാര്‍ ഐറേനിയോസ് പ്രധാന കാര്‍മികത്വം വഹിച്ചു.
കത്തിച്ച മെഴുകുതിരിയുമായി വൈദീകരും ശുശ്രൂഷകരും മദ്ബഹായില്‍ പ്രാര്‍ഥനാനിരതരായി നിന്നപ്പോള്‍, വിശ്വാസികളും നടതുറക്കല്‍ ശുശ്രൂഷയില്‍ ആത്മനിറവോടെ പങ്കെടുത്തു. പ്രധാന പെരുന്നാള്‍ ദിനമായ നാളെ വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ജോസഫ് മാര്‍ ഗ്രിഗോറിയോസ് കാര്‍മികത്വം വഹിക്കും.