പടന്നക്കാട് കാര്‍ഷിക കോളജില്‍ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഫ്ലുവന്‍സ പനി
Saturday, September 7, 2024 1:06 PM IST
കാസര്‍ഗോഡ്: പടന്നക്കാട് കാര്‍ഷിക കോളജില്‍ ഒമ്പതു വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഫ്ലുവന്‍സ പനി സ്ഥിരീകരിച്ചു. 30ഓളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഒന്‍പത് പേർക്ക് രോഗം സ്ഥിരീകരിച്ചത്.
എച്ച് 1 എന്‍1, എച്ച്3 എന്‍2 എന്നീ വിഭാഗത്തില്‍പെട്ട വൈറസുകളാണ് പനിക്ക് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനയിലാണ് സ്ഥിരീകരണം.
പനി ബാധിച്ച് ആശുപത്രിയെ സമീപിക്കുന്ന രോഗികളുടെ എണ്ണം കൂടി വരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജലദോഷം, ചുമ, പനി, തൊണ്ടവേദന തലവേദന, ശരീരവേദന, ക്ഷീണം, വിറയല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.ഛര്‍ദ്ദിയും വയറിളക്കവും കൂടെ ഉണ്ടാകും.
ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിച്ച് വായും മൂക്കും മറക്കുക, കൈകള്‍ സോപ്പിട്ട് കൂടെ കൂടെ കഴുകുക, മാസ്ക് ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, പോഷകാഹാരം കഴിക്കുക തുങ്ങിയവ അനുവര്‍ത്തിക്കണം.