എഡിജിപി-ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ചയ്ക്ക് എല്‍ഡിഎഫുമായി ബന്ധമില്ല: ബിനോയ് വിശ്വം
Saturday, September 7, 2024 12:14 PM IST
കൊച്ചി: ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയും എഡിജിപി എം.ആർ.അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് എല്‍ഡിഎഫുമായി ബന്ധമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫിന്റെ ചെലവില്‍ ആരും ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് പോയിട്ടില്ല, അങ്ങനെ പോകാന്‍ പാടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടുണ്ടെങ്കില്‍ അത് ഗൗരവതരമാണ്. അവര്‍ തമ്മിലുള്ള ചര്‍ച്ചയുടെ ഉള്ളടക്കം എന്താണെന്ന് അറിയേണ്ട ആകാംക്ഷ എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആർ. അജിത്കുമാർ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നൽകിയിരുന്നു. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും എഡിജിപി വിശദീകരണത്തിൽ വ്യക്തമാക്കുന്നു. പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ്എസ് ക്യാന്പിനിടെയായിരുന്നു കൂടിക്കാഴ്ച.
2023 മേയിലാണ് ദത്താത്രേയ എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയത്. ആർഎസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
ആര്‍എസ്എസ് ദേശീയ നേതാവായ ദത്താത്രേയ ഹൊസബലയെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചിരുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു സതീശന്റെ ആരോപണം.