അജിത് കുമാർ ആർഎസ്എസിനും മുഖ്യമന്ത്രിക്കും ഇടയിലുള്ള പാലം: രമേശ് ചെന്നിത്തല
Saturday, September 7, 2024 11:01 AM IST
തിരുവനന്തപുരം: ആർഎസ്എസിനും മുഖ്യമന്ത്രിക്കും ഇടയിലുള്ള പാലമാണ് എം.ആർ. അജിത് കുമാറെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്വകാര്യ വാഹത്തിൽ എത്തി ആർഎസ്എസ് നേതാവുമായി ഒരു മണിക്കൂർ ചർച്ചചെയ്യേണ്ട എന്ത് കാര്യമാണ് ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു.
ഇത് മുഖ്യമന്ത്രിയുടെ അറിവോടെ നടത്തിയ സന്ദർശനമാണ്. ഇത്രയും ദിവസമായിട്ട് എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇതിൽ പ്രതികരിക്കാത്തത്. ഇങ്ങനെ പോയി കണ്ടാൽ എന്താണ് കുഴപ്പമെന്നാണ് പാർട്ടി സെക്രട്ടറി ചോദിച്ചത്.
ഇ.പി. ജയരാജൻ ജവദേക്കറെ കണ്ടപ്പോൽ അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചു. അപ്പോൾ ഇവിടെ ആരുടെ സ്ഥാനമാണ് തെറിക്കേണ്ടത്. എന്തുകൊണ്ട് അത് സംഭവിക്കുന്നില്ല. എന്തുകൊണ്ടാണ് എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. മുഖ്യമന്ത്രിക്കുവേണ്ടി ബിജിപിയുമായി ധാരണയുണ്ടാക്കുന്ന എഡിജിപി ആയതുകൊണ്ടല്ലേ ഇപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല ബിജെപിക്ക് സിപിഎമ്മുമായുള്ളത്. ഇത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയതാണ്. ആ ബന്ധത്തിന്റെ തുടർച്ചയാണ് എഡിജിപി സ്വകാര്യ വാഹനത്തിൽ പോയി ആർഎസ്എസ് നേതാവുമായി ഒരു മണിക്കൂർ ചർച്ച നടത്തിയത്.
ഇതിന്റെ ഭാഗമാണ് തൃശൂരിൽ സുരേഷ് ഗോപി ജയിക്കാനുള്ള സാഹചര്യമുണ്ടാക്കിയത്. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിൽ ഈ രഹസ്യ ധാരണയാണ്. ബിജെപി തെരഞ്ഞെടുപ്പിൽ ജയിക്കാൻ എന്തും ചെയ്യും. ബിജെപിയെ ജയിപ്പിക്കാൻ പിണറായി വിജയൻ എന്തും ചെയ്യും.
മുഖ്യമന്ത്രിയായി തുടരാനുള്ള ധാർമികമായുള്ള ഉത്തരവാദിത്വം പിണറായി വിജയന് നഷ്ടപ്പെട്ടു. ഭരണകക്ഷി എംഎൽഎ തന്നെ പറയുന്നു മുഖ്യമന്ത്രിയോട് പറഞ്ഞാൽ ഒരു ചുക്കുമുണ്ടാവില്ലെന്ന്. പിന്നെ ഈ സംസ്ഥാനത്ത് എന്തിനാണ് മുഖ്യമന്ത്രി ഈ കസേരയിൽ ഇരിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു.