ഹൊസബല-എഡിജിപി കൂടിക്കാഴ്ച ദുരൂഹം; എല്‍ഡിഎഫിന്റെ ചിലവിൽ ചര്‍ച്ച വേണ്ടെന്ന് സിപിഐ
Saturday, September 7, 2024 9:36 AM IST
തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആര് അജിത് കുമാർ സമ്മതിച്ചതിന് പിന്നാലെ കടുത്ത നിലപാട് സ്വീകരിച്ച് സിപിഐ. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ദുരൂഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു.
ആര്‍എസ്എസിനും എല്‍ഡിഎഫിനും ഇടയില്‍ പൊതുവില്‍ ഒന്നുമില്ല. അങ്ങനെയിരിക്കെ എല്‍ഡിഎഫിന്റെ ചിലവില്‍ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചര്‍ച്ച നടത്തേണ്ട. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആർ. അജിത്കുമാർ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നൽകിയിരുന്നു. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും എഡിജിപി വിശദീകരണത്തിൽ വ്യക്തമാക്കുന്നു. പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ്എസ് ക്യാന്പിനിടെയായിരുന്നു കൂടിക്കാഴ്ച.
2023 മേയിലാണ് ദത്താത്രേയ എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയത്. ആർഎസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
ആര്‍എസ്എസ് ദേശീയ നേതാവായ ദത്താത്രേയ ഹൊസബലയെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചിരുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു സതീശന്റെ ആരോപണം.