ജൂതന്മാർക്കെതിരെ ഭീകരാക്രമണം നടത്താൻ പദ്ധതി; പാക്കിസ്ഥാൻ പൗരൻ കാനഡയിൽ അറസ്റ്റിൽ
Saturday, September 7, 2024 5:17 AM IST
വാഷിംഗ്ടൺ ഡിസി: ന്യൂയോർക്ക് സിറ്റിയിൽ ജൂതന്മാർക്കെതിരെ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ പാക്കിസ്ഥാൻ പൗരൻ കാനഡയിൽ പിടിയിൽ. യുഎസ് നീതിന്യായ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
ഷഹ്സേബ് ജാദൂൻ (മുഹമ്മദ് ഷാസെബ് ഖാൻ- 20) എന്നയാളാണ് അറസ്റ്റിലായത്. ഒക്ടോബർ ഏഴിന് ന്യൂയോർക്ക് സിറ്റിയിൽ ഭീകരാക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതി.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ വാർഷികത്തിൽ ന്യൂയോർക്കിൽ പോകാനും ബ്രൂക്ക്ലിനിലെ ഒരു ജൂത കേന്ദ്രത്തിൽ ഐഎസ് പിന്തുണയോടെ വെടിവയ്പ്പ് നടത്താനുമായിരുന്നു ഇയാളുടെ പദ്ധതി.
ഗൂഢാലോചനക്കാരുമായി നടത്തിയ സംഭാഷണത്തിലാണ് ഇയാൾ തന്റെ പദ്ധതികൾ വെളിപ്പെടുത്തിയത്. എന്നാൽ അവർ യഥാർത്ഥത്തിൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരായിരുന്നു.
യുഎസ്-കാനഡ അതിർത്തിയിൽ നിന്നും 19 കിലോമീറ്റർ അകലെയുള്ള ഓർംസ്ടൗൺ പട്ടണത്തിൽ വച്ചാണ് ഖാനെ കനേഡിയൻ അധികൃതർ കസ്റ്റഡിയിലെടുത്തത്.