യുപിയിൽ ചെന്നായ ഭീതി വർധിക്കുന്നു; ചെന്നായയെന്ന് കരുതി നായയെ അടിച്ചു കൊന്നു
Saturday, September 7, 2024 4:41 AM IST
ബഹ്റൈച്ച്: ഉത്തർപ്രദേശിൽ ചെന്നായ ആക്രമണം ഭയന്ന് ഗ്രാമവാസികളെ കടിച്ച നായയെ കൊന്നു. മഹ്സിയിലെ യാദവ്പൂർ ഗ്രാമത്തിലെ മജ്ര ലോധൻപൂർവയിലാണ് സംഭവം.
ഗ്രാമവാസിയായ മൈകൂലാലിന്റെ മകൻ സംഗം ലാലിന് നേരെ ചെന്നായ ആക്രമണം ഉണ്ടായതായി വിവരം ലഭിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രി 9.30 ഓടെ വനപാലകർ സ്ഥലത്തെത്തിയെന്ന് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) അജിത് പ്രതാപ് സിംഗ് പറഞ്ഞു.
സംഗം ലാലിനെ ആക്രമിച്ചത് ചെന്നായ ആണെന്ന് ഗ്രാമവാസികൾ പറഞ്ഞുവെങ്കിലും വനപാലകർ ചെന്നായയുടെ കാൽപ്പാടുകളൊന്നും കണ്ടെത്തിയില്ല. വെള്ളിയാഴ്ച രാവിലെ വീണ്ടും കൃപരാമനെയും (65) കൊച്ചുമകൻ സത്യത്തെയും (നാല്) ചെന്നായ ആക്രമിച്ചതായി അതേ ഗ്രാമത്തിൽ നിന്ന് വിവരം ലഭിച്ചതായി ഡിഎഫ്ഒ പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ ചെന്നായയാണെന്ന് കരുതി ഗ്രാമവാസികൾ നായയെ വടികൊണ്ട് അടിച്ച് കൊന്നു. വനപാലകർ നടത്തിയ പരിശോധനയിൽ ചത്തത് നായ ആണെന്ന് കണ്ടെത്തി. ഗ്രാമത്തിൽ ചെന്നായയുടെ കാൽപ്പാടുകളൊന്നും കണ്ടെത്താൻ സാധിച്ചില്ല.
മാർച്ച് മുതലാണ് ബഹ്റൈച്ചിലെ മഹ്സി തഹ്സിൽ പ്രദേശത്ത് ആളുകൾക്ക് നേരെ ചെന്നായയുടെ ആക്രമണം നടക്കുന്നത്. മഴക്കാലത്ത് ആക്രമണം വർധിച്ചു. ജൂലൈ മുതൽ ഏഴ് കുട്ടികളടക്കം എട്ട് പേരാണ് ചെന്നായ ആക്രമണത്തിൽ മരിച്ചത്.
സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം മൂന്ന് ഡസനോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 20 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.