നിയമവാഴ്ച തകർന്നു; മുഖ്യമന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ
Friday, September 6, 2024 11:15 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.
ഭരണകക്ഷി എംഎൽഎ ഉയർത്തിയ ഗൗരവകരമായ ആരോപണത്തിൽ പോലും ഒരു നടപടിയുമെടുക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. ഗുണ്ടാ മാഫിയ സ്വർണ്ണക്കള്ളക്കടത്ത് സംഘമായി പോലീസ് അധപതിച്ചു കഴിഞ്ഞുവെന്നാണ് സി പിഎം സഹയാത്രികനായ എംഎൽഎ പറയുന്നത്.
ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന സിപിഎമ്മിന്റെ അഖിലേന്ത്യാ നേതൃത്വം കേരളത്തിൽ നടക്കുന്ന സംഭവവികാസങ്ങളോട് മാത്രം പ്രതികരിക്കാത്തത് ഞെട്ടിക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു.