പേരാമ്പ്രയിലെ വയോധികന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു
Friday, September 6, 2024 10:55 PM IST
കോഴിക്കോട്: പേരാമ്പ്രയില്‍ കൂത്താളിക്ക് സമീപം വയോധികനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കൂത്താളിക്ക് സമീപം രണ്ടേ ആറില്‍ ശ്രീധരനാണ് മരിച്ചത്. മകന് ശ്രീലേഷാണ് ശ്രിധരനെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ നിന്നു ഒരുമിച്ച് മദ്യപിച്ച അച്ഛനും മകനും തമ്മില്‍ വാക്ക് തര്‍ക്കമായി. ഇതിനിടെ ശ്രീലേഷ് അച്ഛനെ മര്‍ദ്ദിക്കുകയായിരുന്നു. മകന്റെ ചവിട്ടേറ്റ് ശ്രീധരന്റെ വാരിയെല്ലുകള്‍ പൊട്ടി. തലയ്ക്കും ശരീരത്തിലും മാരകമായി പരിക്കേറ്റ ശ്രീധരന് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഇതിന് ശേഷം ശ്രീലേഷ് തന്നെ അമ്മയെ വിളിച്ച് അച്ഛന് വീട്ടില്‍ ബോധമില്ലാതെ കിടക്കുന്നുവെന്ന് അറിയിക്കുകയായിരുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തി നോക്കിയപ്പോള്‍ ആണ് മരണ വിവരം അറിയുന്നത്.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മകനാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞത്. പ്രതി ശ്രീലേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.