നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി; വിജ്ഞാപനം ഇറങ്ങി
Friday, September 6, 2024 6:17 PM IST
തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി സർക്കാർ വിജ്ഞാപനം ഇറങ്ങി. നേമം റെയിൽവേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും മാറ്റിയാണ് വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്.
റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് വരുന്നതോടെ ഔദ്യോഗികമായി പേരുമാറ്റം നിലവില്‍ വരും. ഇതോടെ ഈ രണ്ടു സ്റ്റേഷനുകളെയും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സാറ്റ്ലൈറ്റ് ടെര്‍മിനലുകളാക്കാനുള്ള നടപടികള്‍ സജീവമാകും.
കൊച്ചുവേളിയില്‍ നിന്ന് സര്‍വീസ് നടത്തുന്നതില്‍ ഭൂരിപക്ഷവും ദീര്‍ഘദൂര ട്രെയിനുകളാണ്. എന്നാല്‍ കൊച്ചുവേളി എന്ന പേര് കേരളത്തിനു പുറത്തുള്ളവര്‍ക്ക് ഒട്ടും പരിചിതമല്ല. അതിനാല്‍ തിരുവനന്തപുരം സെന്‍ട്രലിലേക്കു റിസര്‍വേഷന്‍ ലഭിക്കാത്തവര്‍ യാത്ര വേണ്ടെന്നു വയ്ക്കുന്ന സാഹചര്യമായിരുന്നു. പേരുമാറ്റം വന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും.