പതുങ്ങിയിരുന്നത് കുതിക്കാൻ; പവന് കൂടിയത് 400 രൂപ
Friday, September 6, 2024 11:24 AM IST
കൊച്ചി: സംസ്ഥാനത്ത് മൂന്നുദിവസത്തെ വിശ്രമത്തിനു ശേഷം കുതിച്ചുയർന്ന് സ്വർണവില. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവന് 53,760 രൂപയിലും ഗ്രാമിന് 6,720 രൂപയിലുമാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,570 രൂപയായി.
20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് ഓഗസ്റ്റ് 28ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ സ്വര്‍ണവില 360 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്.
അന്താരാഷ്ട്ര തലത്തിൽ, വെള്ളിയാഴ്ച രാവിലെ നേരിയ ലാഭത്തിൽ ഫ്ലാറ്റായാണ് സ്വർണവ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 1.26 ഡോളർ (0.05%) ഉയർന്ന് 2,518.76 ഡോളർ എന്നതാണ് നിരക്ക്.
അതേസമയം, വെള്ളിയുടെ വിലയും ഇന്ന് വർധിച്ചു. രണ്ടു രൂപ ഉയർന്ന് 91 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.