മെസി ഇല്ലാതെയിറങ്ങി; മൂന്നടിയിൽ ചിലിയെ തകര്‍ത്ത് അര്‍ജന്റീന
Friday, September 6, 2024 10:51 AM IST
ബുവാനോസ് ആരീസ്: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിയെ തകർത്ത് അർജന്റീനയുടെ മുന്നേറ്റം. നായകനും സൂപ്പർതാരവുമായ ലയണൽ മെസിയില്ലാതെ ഇറങ്ങിയ അർജന്റീന മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയം ആഘോഷിച്ചത്.
മക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ്, പൗളോ ഡൈബാല എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്. മത്സരത്തിലുടനീളം കടുത്ത ആക്രമണവുമായി അര്‍ജന്റീന കളംനിറഞ്ഞപ്പോൾ ചിലി പ്രതിരോധത്തിലേക്ക് വലിഞ്ഞു.
ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വന്നത്. 48-ാം മിനിറ്റില്‍ മക് അലിസ്റ്ററാണ് ആദ്യം വലകുലുക്കിയത്. പെനാല്‍റ്റി ഏരിയയുടെ വലതു വിംഗില്‍ അല്‍വാരസ് നല്കിയ പാസ് യുവതാരം കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു.
അരമണിക്കൂറിനു ശേഷം അടുത്ത ഗോളെത്തി. 84-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസാണ് രണ്ടാം ഗോള്‍ നേടിയത്. എന്‍സോ ഫെര്‍ണാണ്ടസ് നല്കിയ പാസ് ബോക്സിനു പുറത്തുനിന്ന് വെടിയുണ്ട പോലെ അൽവാരസ് ചിലിയുടെ ഗോള്‍പോസ്റ്റിലേക്ക് തൊടുക്കുകയായിരുന്നു.
ലയണല്‍ മെസിയുടെ പത്താം നമ്പറില്‍ കളത്തിലിറങ്ങിയ ഡൈബാലയുടെ ഇഞ്ചുറി ടൈം ഗോളോടെ അർജന്റീന പട്ടിക പൂർത്തിയാക്കി.
ഏഴു കളിയില്‍ ആറാം ജയം നേടിയ അര്‍ജന്റീന 18 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ്. ആറു കളികളില്‍ നാലു ജയത്തോടെ ഉറുഗ്വെയാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീല്‍ ആറാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ ബൊളീവിയ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് വെനസ്വലയെ തകര്‍ത്തു.