ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കും
Friday, September 6, 2024 6:57 AM IST
കൊച്ചി: ഓണ്‍ലൈന്‍ ടാക്സി കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനവ്യാപകമായി പണിമുടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്.
ഊബര്‍, ഒല, യാത്രി, റാപ്പിഡോ കമ്പനികളുടെ ഭാഗമായ എല്ലാ ഡ്രൈവര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും.
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ വര്‍ക്ക്മെന്‍ ഗണത്തില്‍പ്പെടുത്തുക, പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നത് നിര്‍ത്തലാക്കുക, ടാക്സി വാഹനങ്ങളുടെ ഇന്റര്‍സിറ്റി ഓപ്ഷന് എടുത്തുകളഞ്ഞത് പിന്‍വലിക്കുക, ഡ്രൈവര്‍മാര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുക, നോട്ടീസ് ഇല്ലാതെ ഡ്രൈവര്‍മാരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി ഉന്നയിക്കുമെന്ന് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ് യൂണിയന് പ്രസിഡന്റ് കെ.ടി. സാഹീര്‍, സെക്രട്ടറി ജിജോ സക്കറിയ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.