സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; അൻവറിന്റെ വെളിപ്പെടുത്തൽ ചർച്ചയായേക്കും
Friday, September 6, 2024 5:28 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കുമെതിരേ പി.വി. അൻവർ എംഎഎൽഎയുടെ ആരോപണങ്ങൾ കത്തിനിൽക്കുന്നതിനിടെയാണ് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്.
ഇതുസംബന്ധിച്ച് അൻവർ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു നൽകിയ പരാതി ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. പരാതിയിൽ പാർട്ടി കമ്മീഷനെ നിയമിക്കണോ എന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടായേക്കും.
അതിനിടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരേ കൂടുതൽ വിമർശനവുമായി അൻവർ ഇന്നലെയും രംഗത്തെത്തി. പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണ്. കുന്തമുന മുഖ്യമന്ത്രിയുടെ നെഞ്ചിലേക്ക് തിരിക്കാന്‍ നോക്കേണ്ട.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു പഞ്ചായത്തില്‍ നിന്നും കുറഞ്ഞത് 1000 വോട്ട് പോലീസ് നടപടികൊണ്ട് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു എന്നും അൻവർ ആരോപിച്ചു.