പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയതിന്റെ ഉത്തരവാദിത്വം പി. ശശിക്ക്; കുന്തമുന മുഖ്യമന്ത്രിയുടെ നേർക്ക് വേണ്ടെന്ന് അൻവർ
Friday, September 6, 2024 5:00 AM IST
തിരുവനന്തപുരം: പോലീസുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വവും പൊളിറ്റിക്കൽ സെക്രട്ടറിക്കാണെന്ന് പി.വി. അൻവർ എംഎൽഎ. പോലീസില്‍ മുഴുവന്‍ അരാജകത്വമാണ് നടക്കുന്നതെന്നും അൻവർ ആരോപിച്ചു.
എത്ര ഐപിഎസുകാരുമായിട്ടാണ് താൻ ഏറ്റുമുട്ടുന്നത്. ഇവരൊന്നും ചെറിയ ആളുകളല്ല. പാർട്ടിക്കുവേണ്ടിയാണ് ഈ പോരാട്ടം.
അടിമയായ ഒരു ഐപിഎസുകാരന് കേരളത്തിലുണ്ടാകുന്നതില്‍ രാഷ്ട്രീയക്കാരന് ഗുണമുണ്ടാകും. എന്നാല്‍ താന്‍ അത് ഉപയാഗിച്ചില്ല. പാര്‍ട്ടിക്ക് വേണ്ടി ഉപയോഗിക്കുകയല്ലേ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.
പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണ്. കുന്തമുന മുഖ്യമന്ത്രിയുടെ നെഞ്ചിലേക്ക് തിരിക്കാന്‍ നോക്കേണ്ട. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു പഞ്ചായത്തില്‍ നിന്നും കുറഞ്ഞത് 1000 വോട്ട് പോലീസ് നടപടികൊണ്ട് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു എന്നും അൻവർ ആരോപിച്ചു.
ഏകദേശം 15 ലക്ഷം വോട്ട് ഉണ്ടാകും ഇത്. ഇത്രയും വോട്ടാണ് പി. ശശി യുഡിഎഫിന് വാങ്ങിക്കൊടുത്തത്. പൊതു വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത ഒരു ബാരിക്കേഡ് പോലീസുണ്ടാക്കി.
പോലീസ് സ്റ്റേഷനില്‍ പ്രത്യേക മാഫിയ രൂപപ്പെടുന്നു. സമ്പന്നര്‍ കയറി ഇറങ്ങുന്ന സ്ഥലമായി മാറി. ഇതിന് ഉത്തരവാദി ശശിയാണെന്ന് അന്‍വര്‍ പറഞ്ഞു.