സുജിത് ദാസിന് സസ്പെൻഷൻ; വിക്കറ്റ് നമ്പര്‍ ഒന്ന്, ഒരു പുഴുക്കുത്ത് പുറത്തേക്ക്: പി.വി.അന്‍വര്‍
Thursday, September 5, 2024 11:41 PM IST
മലപ്പുറം: പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിനെ സസ്പെൻഡു ചെയ്തതിൽ പ്രതികരണവുമായി പി.വി.അന്‍വര്‍ എംഎൽഎ. വിക്കറ്റ് നമ്പര്‍ 1, ഒരു പുഴുക്കുത്ത് പുറത്തേക്കെന്ന് അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയില്‍ നിന്നും മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്കു പി.വി.അന്‍വര്‍ എംഎല്‍എ നല്കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അന്‍വറിനെ സുജിത് ദാസ് ഫോണില്‍ ബന്ധപ്പെട്ടത്.
സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണു ഡിജിപിയുടെ റിപ്പോർട്ട്. വിവാദത്തെ തുടർന്നു സുജിത് ദാസിനെ സ്ഥലം മാറ്റിയിരുന്നു. പോലീസ് ആസ്ഥാനത്തു കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തെങ്കിലും തസ്തിക നൽകിയിരുന്നില്ല.