ഓരോ അടിക്കും കണക്കുപറയിക്കും: രമേശ് ചെന്നിത്തല
Thursday, September 5, 2024 8:38 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസുകാരെ മർദിച്ച പോലീസ് കണക്കുപറയേണ്ടിവരുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. ആയുസ് അറ്റു പോകാറായ ഒരു സർക്കാരിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് പോലീസ് ഇങ്ങനെ പെരുമാറുന്നത്.
നരനായാട്ടിന് മുന്നിൽ നിന്ന ഓരോ പോലീസുകാരുടെയും കണക്ക് ഞങ്ങളുടെ കൈവശമുണ്ട്. അവരെ എന്ത് ചെയ്യണം എന്ന് ഞങ്ങൾ തീരുമാനിക്കും. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയെ തല്ലിച്ചതയ്ക്കുന്ന ചാനൽ ദൃശ്യങ്ങൾ കണ്ടു ഞെട്ടിപ്പോയി.
അടിയേറ്റ് വീണവരെ പിന്നെയും നിർദാക്ഷിണ്യം തല്ലിച്ചയ്തക്കുന്ന പോലീസുകാർ സ്വബോധത്തോടെ ആണോ അതോ ഏതെങ്കിലും മയക്കുമരുന്നിന് അടിമകളാണോ എന്നതുകൂടി അന്വേഷിക്കണം. നരനായാട്ടിന് നേതൃത്വം നൽകുകയും ഇത്ര ഭീകരമായ മർദനം അഴിച്ചുവിടുകയും ചെയ്ത മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.