പോലീസ് പെരുമാറുന്നത് സിപിഎമ്മിന്റെ ഗുണ്ടാസംഘത്തെ പോലെ: കെ.സുധാകരന്
Thursday, September 5, 2024 8:23 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ പോലീസ് നടത്തിയത് നരനായാട്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. സിപിഎമ്മിന്റെ ഗുണ്ടാസംഘത്തെ പോലെയാണ് പോലീസ് പ്രവര്‍ത്തിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ ഭീകരമായി വളഞ്ഞിട്ട് മര്‍ദിച്ചു. അബിന്‍ വര്‍ക്കിയുടെ തലയ്ക്കും മുഖത്തും പോലീസ് മര്‍ദിച്ചത് രാഷ്ട്രീയ വൈരാഗ്യത്തോടെയാണ്. രാജവിനെക്കാള്‍ വലിയ രാജഭക്തിയാണ് പോലീസ് കാണിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുന്നതിന് നേതൃത്വം നല്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു. പോലീസിലെ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ ആഭ്യന്തരവകുപ്പ് തയാറായില്ലെങ്കില്‍ അതിന് വലിയ വില ഇടതുസര്‍ക്കാര്‍ നല്‍കേണ്ടിവരും.
കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ ലാത്തികൊണ്ട് തല്ലിയൊതുക്കി നിശബ്ദമാക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ശ്രമമെങ്കില്‍ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരായ വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്.