ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു
Thursday, September 5, 2024 6:09 PM IST
ചെന്നൈ: ചെന്നൈയിൽ ട്രെയിൻ തട്ടി മലയാളി യുവാവും യുവതിയും മരിച്ചു. പെരിന്തൽമണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതിൽ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം അമ്പലക്കോത്ത് തറോൽ ടി.ഐശ്വര്യ (28) എന്നിവരാണു മരിച്ചത്.
ഇരുവരും ജോലി തേടിയാണ് ചെന്നൈയിൽ എത്തിയത്. ചൊവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയിൽവേ സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാൻ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു. മൂവരും ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിൻ ഇടിക്കുകയായിരുന്നു.
ട്രാക്ക് മുറിച്ചു കടന്നതിനാൽ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു. റെയിൽവേ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇരുവരുടെയും മൃതദേഹം സംസ്കരിച്ചു.