"രക്തസാക്ഷിയുടെ രക്തത്തേക്കാൾ വിശുദ്ധിയുണ്ട് പണ്ഡിതനായ ഗുരുവിന്റെ മഷിക്ക്'; കെ.ടി.ജലീലിന്റെ പോസ്റ്റിൽ വിമർശനം
Thursday, September 5, 2024 5:00 PM IST
മലപ്പുറം: അധ്യാപക ദിനത്തിൽ ആശംസയർപ്പിച്ച് കെ.ടി.ജലീൽ എംഎൽഎ ഫേസ്ബുക്കിലിട്ട പോസ്റ്റിന് വിമർശനവുമായി ഇടത് അണികൾ. "രക്തസാക്ഷിയുടെ രക്തത്തേക്കാൾ വിശുദ്ധിയുണ്ട് പണ്ഡിതനായ ഗുരുവിന്റെ മഷിക്ക്'എന്ന ജലീലിന്റെ പ്രയോഗത്തെ വിമർശിച്ച് സിപിഎം പ്രവർത്തകർ രംഗത്തെത്തി.
അധ്യാപകരുടെ വിശുദ്ധി പറയാൻ രക്തസാക്ഷികളുടെ രക്തത്തിന്റെ വിശുദ്ധി താഴ്ത്തിക്കെട്ടേണ്ടെന്നാണ് ഇടത് അണികളുടെ വിമർശനം. രക്തസാക്ഷികളെ അപമാനിക്കുന്നതും വിലകുറച്ച് കാണുന്നതുമാണ് ജലീലിന്റെ പോസ്റ്റ് എന്നും വിമർശനം ഉയർന്നു. എന്നാൽ അറിവു നേടുന്നതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു ആലങ്കാരിക പ്രയോഗമാണിതെന്ന് പറഞ്ഞ് ജലീൽ രംഗത്തെത്തി.
വിജ്ഞാനത്തിന്റെ പ്രാധാന്യം സമൂഹത്തെ അറിയിക്കാൻ മുഹമ്മദ് നബി പറഞ്ഞ ഒരു വചനമാണ് താൻ ഉദ്ധരിച്ചത്. രക്തസാക്ഷികൾ സ്വർഗത്തിലാണെന്ന് പറഞ്ഞ അതേ മുഹമ്മദ് നബിയാണ് ഈ വചനവും പറഞ്ഞതെന്ന് ജലീൽ പറഞ്ഞു.