അൻവറിന്റെ വെളിപ്പെടുത്തലുകൾ; ആദ്യഘട്ട അന്വേഷണം രഹസ്യമായി
Thursday, September 5, 2024 3:58 PM IST
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരേ ഭരണകക്ഷി എംഎൽഎ പി.വി. അൻവർ നടത്തിയ ആരോപണങ്ങളിൽ ആദ്യഘട്ടമായി രഹസ്യാന്വേഷണം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിച്ചാൽ മതിയെന്ന് അന്വേഷണ സംഘത്തോട് ഡിജിപി ഷേഖ് ദർബേഷ് സാഹിബ് നിർദേശം നൽകി. ഇതിനുശേഷം അൻവറിൽനിന്നു വിശദമായി മൊഴി രേഖപ്പെടുത്തും.
എഡിജിപിയിൽ നിന്നും പിന്നീട് മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സംഘത്തിലെ ഓരോ ഉദ്യോഗസ്ഥരും ചെയ്യേണ്ട കാര്യങ്ങൾ ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. നിഷ്പക്ഷമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തോട് അദ്ദേഹം നിർദേശിച്ചത്.
അന്വേഷണത്തിന്റെ പൂർണ ചുമതല ഡിജിപിക്ക് ആയതിനാൽ പിന്നീട് വിമർശനങ്ങൾ വരാത്ത വിധത്തിലായിരിക്കണം നടപടികളെന്നും ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.
അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നതെങ്കിൽ ഉദ്യോഗസ്ഥരെ കൊണ്ട് ഉത്തരം പറയിപ്പിക്കുമെന്ന് അൻവർ കഴിഞ്ഞ ദിവസം പരസ്യമായി വ്യക്തമാക്കിയിരുന്നു. എഡിജിപിക്കെതിരെ കൈക്കൂലി ആരോപണം, സ്വർണക്കടത്ത്, കൊലപാതകം ഉൾപ്പെടെയുള്ള കാര്യങ്ങൾ ആണ് അൻവർ ഉന്നയിച്ചത്. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ, തൃശൂർ റേഞ്ച് ഐജി. തോംസണ് ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനൻ എന്നിവർ ഉൾപ്പെട്ട സംഘത്തെയാണ് അന്വേഷണത്തിനായി മുഖ്യമന്ത്രി നിയോഗിച്ചിരിക്കുന്നത്. മുൻ മലപ്പുറം എസ്പി. സുജിത്ത് ദാസിനെതിരെയുള്ള ആരോപണവും അന്വേഷണ പരിധിയിൽ വരും.
അതേസമയം മാധ്യമങ്ങളിലൂടെ തനിക്കെതിരേ അൻവർ നടത്തിയ ആരോപണങ്ങളിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണമെന്നും ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ എംഎൽഎക്കെതിരേ നടപടിയെടുക്കണമെന്നും കാട്ടി എഡിജിപി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയും അന്വേഷണ പരിധിയിൽ വരും. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയിരിക്കുന്ന ഉത്തരവ്.