യുവാവ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട കേസ്: അമ്മയും സഹോദരനും കസ്റ്റഡിയിൽ
Thursday, September 5, 2024 1:14 PM IST
ഇടുക്കി: പീരുമേട്ടില്‍ തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ട കേസില്‍ അമ്മയുടെയും സഹോദരന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പീരുമേട് പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബുവിനെ (31) മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലാണ് സഹോദരന് അജിത്തിനെയും ഇവരുടെ മാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അഖില്‍ ബാബുവിനെ കമുകില്‍ കെട്ടിയിട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നെന്ന് വ്യക്തമായത്. തലയ്ക്കേറ്റ അടിയില്‍ ഉണ്ടായ ഗുരുതര പരിക്കാണ് മരണകാരണമായതെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം രാത്രി ഒന്പതോടെയായിരുന്നു സംഭവം. കമുകില്‍ ഹോസ് ഉപയോഗിച്ച് കെട്ടിയിട്ട നിലയില്‍ അയല്‍വാസികളാണ് അഖിലിനെ കണ്ടെത്തിയത്.
പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. അജിത്തും അഖിലും സ്ഥിരമായി ഇവരുടെ വീട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടായിരുന്നു. അതിനാല്‍ തന്നെ ബഹളം കേട്ടാല്‍ അയല്‍വാസികള്‍ ശ്രദ്ധിക്കാറില്ലായിരുന്നു. ചൊവ്വാഴ്ചയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു.
അക്രമാസക്തനായ അഖിലിനെ കമുകില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നെന്നാണ് ഇവര്‍ പോലീസിനു നല്കിയ മൊഴി. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തും.