ജയസൂര്യയ്ക്കെതിരായ പരാതി: നടിയുടെ മൊഴിയെടുപ്പ് തുടങ്ങി
Thursday, September 5, 2024 12:55 PM IST
തൊടുപുഴ: നടന് ജയസൂര്യ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് കയറിപ്പിടിച്ചെന്ന പരാതിയില്‍ തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പരാതി ഉന്നയിച്ച നടിയുടെ വിശദമായ മൊഴിയെടുപ്പ് തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ആരംഭിച്ചു.
തൊടുപുഴ പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയുടെ നേതൃത്വത്തിലാണ് ഇന്നു രാവിലെ നടിയെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. നടി കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നടിയുടെ മൊഴിപകര്‍പ്പ് പ്രത്യേക അന്വേഷണ സംഘം തൊടുപുഴ പോലീസിനു കൈമാറിയതിനെ തുടര്‍ന്നാണ് ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
സംഭവം നടന്നത് തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണെന്ന മൊഴിയുടെ പശ്ചാത്തലത്തിലാണ് കേസ് ഇവിടേക്ക് മാറ്റിയത്. 2013 ല്‍ തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും ജയസൂര്യ നായകനായ സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നു. അന്ന് ലൊക്കേഷനില്‍ വച്ച് അപമര്യാദയായി പെരുമാറുകയും കയറിപ്പിടിക്കുകയും ചെയ്തെന്നാണ് നടിയുടെ പരാതി.
ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ കേസിന്റെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും തൊടുപുഴയിലെ പോലീസ് സംഘമാകും നടത്തുക. ഷൂട്ടിംഗ് സമയം നടി താമസിച്ചിരുന്ന ഹോട്ടലിലും ലൊക്കേഷനുകളിലും തെളിവെടുപ്പ് നടത്തും. ഹോട്ടലില്‍ നിന്നുള്ള രേഖകളും സിസിടിവി തെളിവുകളും ശേഖരിക്കാനും അന്വേഷണസംഘം ശ്രമം നടത്തും.