ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
Thursday, September 5, 2024 12:20 PM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന വിശാല ബെഞ്ചായിരിക്കും പരിഗണിക്കുക.
ശോഭ അന്നമ്മ ഈപ്പന്, സോഫി തോമസ്, എം.ബി. സ്നേഹലത, സി.എസ്. സുധ എന്നിവരാണ് നിലവിലെ വനിതാ ജഡ്ജിമാര്‍. ഇവരില്‍ നിന്ന് പ്രത്യേക ബെഞ്ചിനെ തെരഞ്ഞെടുക്കും.
നിർമാതാവായ സജിമോൻ പാറയിലിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എസ്. മനു എന്നിവർ ഇക്കാര്യം വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് തന്റെ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സജിമോൻ പാറയിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ, ഈ കേസ് പരിഗണിക്കുന്നതിനു മുൻപു തന്നെ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ മലയാള സിനിമയിലെ പ്രമുഖ നടന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പോലീസ് കേസുകളും മുൻകൂർ ജാമ്യം തേടിയുള്ള ഹർജികളും കോടതിക്കു മുൻപാകെ വരുന്ന സാഹചര്യത്തിൽ കൂടിയാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനം.
അതേസമയം, വിവാദമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തിങ്കളാഴ്ചയ്ക്കു മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിപ്പകര്‍പ്പുകള്‍, സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, ഇതിലെ കേസുകള്‍ എന്നിവയാണ് കോടതിക്ക് കൈമാറുക.