ഓണച്ചന്തകൾ ഇന്നു മുതൽ; അരിക്ക് ഉൾപ്പെടെ വിലകൂട്ടി സപ്ലൈകോ
Thursday, September 5, 2024 11:05 AM IST
തിരുവനന്തപുരം: ഓണച്ചന്തകൾ ഇന്ന് ആരംഭിക്കാനിരിക്കെ ഇരുട്ടടിയുമായി സപ്ലൈകോ. അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി.
കുറുവ അരിയുടെ വില കിലോയ്ക്ക് 30 രൂപയിൽനിന്നു 33 രൂപയാക്കി. മട്ട അരിക്കും മൂന്നു രൂപ കൂട്ടിയിരുന്നു. തുവരപ്പരിപ്പിന്റെ വില 111 രൂപയിൽ നിന്ന് 115 രൂപയായി. പഞ്ചസാരയ്ക്ക് ആറു രൂപ കൂട്ടി 33 രൂപയായി ഉയർന്നു. അതേസമയം ചെറുപയറിനും വെളിച്ചെണ്ണക്കും വില കുറച്ചിട്ടുണ്ട്.
സപ്ലൈകോ വില കൂട്ടിയത് പർച്ചേസ് വില കൂടിയത് കൊണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. വില കൂടിയ സാധനങ്ങൾക്ക് ഇപ്പോഴും പൊതുവിപണിയേക്കാൾ 30 ശതമാനത്തോളം വില കുറവ് ഉണ്ടെന്നും ഭക്ഷ്യവകുപ്പ് പറയുന്നു. ഏഴു വർഷത്തിന് ശേഷമുള്ള നാമമാത്ര വർധനയെന്നാണ് മന്ത്രി ജി.ആർ. അനിൽ ന്യായീകരിച്ചത്.
ഇന്നു മുതൽ 14 വരെയാണ് സപ്ലൈകോയുടെ ഓണച്ചന്തകൾ. ജില്ലാതല ചന്തകൾ വെള്ളിയാഴ്ച മുതൽ 14 വരെ നടക്കും. ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം കിഴക്കേകോട്ട ഇ.കെ. നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ആദ്യവില്പന നടത്തും.
13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമേ ശബരി ഉൽപന്നങ്ങളും എഫ്എംസിജി, മിൽമ, കൈത്തറി എന്നിവയുടെ ഉൽപന്നങ്ങളും പഴം, ജൈവ പച്ചക്കറികൾ എന്നിവയും മേളയിൽ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. പ്രമുഖ ബ്രാൻഡുകളുടെ ഇരുനൂറിലധികം നിത്യോപയോഗ സാധനങ്ങൾക്കു വിലക്കുറവുണ്ടാകും.