ആസിഡ് ആക്രമണത്തിൽ കൗമാരക്കാരിക്കും മാതാപിതാക്കൾക്കും പരിക്ക്
Thursday, September 5, 2024 5:10 AM IST
മുംബൈ: മഹാരാഷ്ട്രയിലെ മാലേഗാവിൽ ആസിഡ് ആക്രമണത്തിൽ കൗമാരക്കാരിക്കും മാതാപിതാക്കൾക്കും പരിക്ക്.
നാസിക് ജില്ലയിലെ മാലേഗാവിലെ ഇസ്ലാംബാദിലാണ് സംഭവം. 18കാരിയെ ലക്ഷ്യം വച്ചാണ് ആക്രമിയെത്തിയത്. ബുധനാഴ്ച പുലർച്ചെ മൂന്ന് പേരും ഉറങ്ങിക്കിടക്കുമ്പോൾ വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമി കോളജ് വിദ്യാർഥിനിയായ പെൺകുട്ടിക്ക് നേരെ ആസിഡ് എറിയുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കളുടെ നേരെയും ആസിഡ് എറിഞ്ഞു. പരിക്കേറ്റ മൂന്ന് പേരും മൽഗാവിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമിയെക്കുറിച്ച് വിവരമൊന്നുമില്ല. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമെ എന്തെങ്കിലും തുമ്പ് ലഭിക്കുകയുള്ളു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.