വിദേശ ജോലി വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പ്; യുവതി അറസ്റ്റിൽ
Thursday, September 5, 2024 3:25 AM IST
മട്ടാഞ്ചേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പെരുമ്പാവൂരിൽ താമസിക്കുന്ന ഫോർട്ടുകൊച്ചി സ്വദേശിനി അനു(34) വിനെയാണ് മട്ടാഞ്ചേരി അസി. കമ്മീഷണർ കെ.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മറ്റൊരു പ്രതിയായ ഇവരുടെ ഭർത്താവ് പള്ളുരുത്തി കടേഭാഗം സ്വദേശി ജിബിൻ ജോർജ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇസ്രയേലിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരെ അയർലൻഡിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്താണു പ്രതി തട്ടിപ്പ് നടത്തിയത്.
ഇസ്രയേലിൽ ഹെൽത്ത് കെയർ ടേക്കറായിരുന്ന അനു ജോലിയുമായി ബന്ധപ്പെട്ട പരിചയത്തിലൂടെയാണു തട്ടിപ്പ് നടത്തിയത്. നാട്ടിലും വിദേശത്തുമായി 50ൽ അധികം പേരിൽനിന്ന് രണ്ടര കോടിയോളം തട്ടിയെടുത്തതായാണു കേസ്.
തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും നഴ്സിംഗ് വിദ്യാർഥികളാണ്. എറണാകുളം സ്വദേശികളായ രണ്ടുപേർ പരാതി നൽകിയതോടെയാണു തട്ടിപ്പ് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇവരിൽനിന്നു മാത്രം 12 ലക്ഷത്തിലേറെ രൂപയാണു തട്ടിയെടുത്തത്. അനുവിനെതിരേ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി ഒന്പത് തട്ടിപ്പ് കേസുകൾ നിലവിലുണ്ട്.