ഹരിയാന തെരഞ്ഞെടുപ്പ്: ജെജെപി-എഎസ്പിസഖ്യം ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു
Wednesday, September 4, 2024 7:41 PM IST
ന്യൂഡല്‍ഹി: ഒക്ടോബറില്‍ നടക്കാന്‍ ഇരിക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ജെജെപി-എഎസ്പി സഖ്യം. 19 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.
ജനനായക് ജനത പാര്‍ട്ടി(ജെജെപി) 15 സ്ഥാനാര്‍ഥികളുടേയും ആസാദ് സമാജ് പാര്‍ട്ടി (എഎസ്പി) നാല് സ്ഥാനാര്‍ഥികളുടെ പട്ടികയുമാണ് പ്രഖ്യാപിച്ചത്. ഹരിയാന മുന്‍ ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാല ഉച്ചന മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. പാര്‍ട്ടി സെക്രട്ടറി ദിഗ്വിജയ് ചൗട്ടാല ദാബ്വല്ലിയില് ന്നാണ് മത്സരിക്കുന്നത്.
സംസ്ഥാനത്തെ 90 മണ്ഡലങ്ങളിലും സഖ്യം മത്സരിക്കുന്നുണ്ട്. ജെജെപി 70 മണ്ഡലങ്ങളിലും എഎസ്പി 20 മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്. ബാക്കിയുള്ള മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയും വൈകാതെ പ്രഖ്യാപിക്കുമെന്ന് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.
ഒക്ടോബര്‍ അഞ്ചിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.