വഖഫ് ബില്ല്; ആശങ്കകൾ പരിഹരിക്കാൻ ഇടപെടുമെന്ന് കൊടിക്കുന്നിൽ
Wednesday, September 4, 2024 7:21 PM IST
ചാരുംമൂട് : വഖഫ് സ്വത്തുക്കൾ കവർന്നെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഭരണഘടനാ വിരുദ്ധമായ വഖഫ് ബില്ല് നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. മുസ്ലീം സമൂഹത്തിന്റെ ആശങ്കകൾ ജോയിന്റ് പാർലമെന്ററി സമിതിക്കുമുന്നിൽ വയ്ക്കുമെന്നും വിഷയത്തിൽ സജീവമായി പ്രതിപക്ഷ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പള്ളിശ്ശേരിക്കൽ ജമാഅത്ത് ഓഡിറ്റോറിയത്തി എംപി വിളിച്ചു ചേർത്ത മുസ്ലീം സംഘടനകളുടെ സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ നേതാക്കളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് രാഹുൽ ഗാന്ധിക്കും ജെപിസിയിലെ ഇന്ത്യമുന്നണി അംഗങ്ങളായ എംപിമാർക്കും നൽകുന്നതിനു വേണ്ടിയാണ് മുസ്ലീം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചത്.
യോഗത്തിൽ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, അബ്ദുൾ ഷുക്കൂർ മൗലവി, സി.എ. മൂസ മൗലവി, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, ഹംസ സഖാഫി, അഡ്വ കെ. പി. മുഹമ്മദ്, ചുനക്കര ഹനീഫ, അബ്ദുൾ റഹ്മാൻ, ടി. എം. ഷെരീഫ്, അബ്ദുൾ നാസർ, സിദ്ധിഖ് ഖാസിമി, നൗഷാദ് മാങ്കാംകുഴി, പറമ്പിൽ സുബേർ, അഡ്വ കുറ്റിയിൽ ഷാനവാസ്, മെക്കാ വഹാബ്, തേവലക്കര ബാദുഷ, തുണ്ടിൽ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.