ബലാത്സംഗ കേസ്; നടന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി നാളെ
Wednesday, September 4, 2024 3:58 PM IST
കൊച്ചി: ബലാത്സംഗ കേസില്‍ നടനും എംഎല്‍എയുമായ മുകേഷ്, ഇടവേള ബാബു, അഭിഭാഷകനായ ചന്ദ്രശേഖരന് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി കോടതി നാളെ വിധി പറയും. മണിയന്‍പിള്ള രാജുവിനെതിരേ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയതെന്ന് കണ്ടെത്തി ഹര്‍ജി തീര്‍പ്പാക്കി. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു.
മുകേഷ്, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്, മണിയന്‍പിള്ള രാജു എന്നിവരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരിഗണിച്ചത്. രണ്ട് ദിവസമായി നടന്ന രഹസ്യവാദത്തെ തുടര്‍ന്നാണ് നാളെ വിധി പറയാന്‍ മാറ്റിയത്.
പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന് നിലപാടെടുത്തത്. മണിയന് പിള്ള രാജുവിനെതിരേ ഫോര്‍ട്ടുകൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജാമ്യം ലഭിക്കാവുന്ന കുറ്റക്യത്യമായതിനാല്‍ അത് രേഖപെടുത്തിയ കോടതി ഹര്‍ജി തീര്‍പ്പാക്കി.
മറ്റ് മൂന്നു ഹര്‍ജികളാണ് വിശദമായ വാദം കേട്ട് നാളെ വിധി പറയാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് മാറ്റിയത്.
2011ല്‍ ഒരു സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനിടെ മുകേഷ് തന്നെ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. പ്രതിയായ മറ്റുള്ള നടന്മാരും വിവിധ സന്ദര്‍ഭങ്ങളില്‍ തന്നെ ചൂഷണം ചെയ്തെന്നാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലുള്ളത്.