സ്വർണക്കടത്തു പിടികൂടാൻ വിമാനത്താവളങ്ങളിൽ പ്രത്യേക സോഫ്റ്റ്വെയർ
റെനീഷ് മാത്യു
Tuesday, September 3, 2024 9:49 PM IST
കണ്ണൂർ: വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തു പിടികൂടുന്നത് പ്രത്യേക സോഫ്റ്റ്വെയർ സ്ഥാപിച്ച് കേരള പോലീസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് സോഫ്റ്റ്വെയർ സ്ഥാപിച്ചതെന്നാണു സൂചന.
വിമാനത്താവളങ്ങളുടെ പ്രവേശനകവാടത്തിലാണ് സോഫ്റ്റ്വെയർ സ്ഥാപിക്കുന്നത്. ഈ സോഫ്റ്റ്വെയർ വഴി മാസത്തിൽ കൂടുതൽ തവണ എത്തുന്ന വാഹനങ്ങളെ കണ്ടെത്തും. തുടർന്ന് ഈ വാഹനങ്ങളെ പോലീസിന്റെ നേതൃത്വത്തിൽ നിരീക്ഷിച്ചാണ് സ്വർണക്കടത്ത് സംഘങ്ങളെ പോലീസ് പിടികൂടുന്നത്.
ഒരു ദിവസം കണ്ണൂർ വിമാനത്താവളത്തിൽ12,000 വാഹനങ്ങളെവരെ പരിശോധിച്ച ദിവസമുണ്ടായിരുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തില്ലങ്കേരി, കപ്പക്കടവ്, പുത്തൻകണ്ടം, ചൊക്ലി, പൊന്നാനി ഗ്യാംഗുകളുടെ നേതൃത്വത്തിലാണ് പ്രധാനമായും സ്വർണം കടത്തുന്നതും പൊട്ടിക്കുന്നതും.
കേരളത്തിലെ പ്രമാദമായ രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികളാണ് ഈ സംഘത്തിൽ പ്രവർത്തിക്കുന്നത്. ഇവരെ പിടികൂടുന്നതിന്റെ ഭാഗമായിട്ടാണ് കേരള പോലീസ് പ്രത്യേകസംഘം രൂപീകരിച്ച് സ്വർണം പിടിക്കൽ തുടങ്ങിയത്.
കണ്ണൂർ, കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചാണ് പ്രധാനമായും കേരള പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് സ്വർണം പിടിച്ചുകൊണ്ടിരുന്നത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പോലീസും സ്വർണക്കടത്ത് മാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പി.വി.അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു.
എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിൽ ദുബായ് ആസ്ഥാനമായുള്ള കള്ളക്കടത്ത് സംഘം പ്രവർത്തിക്കുന്നതായും പി.വി.അൻവർ ആരോപണം പറഞ്ഞിരുന്നു.