അനിശ്ചിതത്വം നീങ്ങി; നെഹ്റു ട്രോഫി വള്ളംകളി 28ന്
Tuesday, September 3, 2024 7:56 PM IST
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളി 28ന് നടത്താൻ സർക്കാർ അനുമതി നൽകി. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. 28ന് ജലമേള നടത്താൻ മുഖ്യമന്ത്രി അനുമതി നല്‍കിയതായി മന്ത്രി പി. പ്രസാദ് യോഗത്തെ അറിയിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവച്ചത്. തുടർന്ന് വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് ബോട്ട് ക്ലബുകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വള്ളം കളിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ നല്‍കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാംസ്കാരിക പരിപാടികളോ മറ്റു ആഘോഷങ്ങളോ ഇല്ലാതെ വള്ളംകളി മാത്രമായിട്ടായിരിക്കും നടത്തുക. ചാമ്പ്യൻസ് ബോട്ട് ലീഗും നടത്തണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. അതേസമയം നെഹ്റു ട്രോഫി നടത്തിപ്പിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഒരു കോടി രൂപ അപര്യാപ്തമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി യോഗത്തില്‍ പറഞ്ഞു.