ഇതാണ് ശരിയായ സമയം; പൊട്ടിക്കരഞ്ഞ് വിരമിക്കല്‍ പ്രഖ്യാപിച്ച് ലൂയിസ് സുവാരസ്
Tuesday, September 3, 2024 1:45 PM IST
മോണ്ടിവിഡിയോ: രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് യുറുഗ്വൻ സൂപ്പർതാരം ലൂയിസ് സുവാരസ്. വെള്ളിയാഴ്ച പരാഗ്വേക്കെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരമാകും യുറുഗ്വേ കുപ്പായത്തില്‍ തന്റെ അവസാന മത്സരമെന്ന് സുവാരസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിറകണ്ണുകളോടെയാണ് 37കാരനായ താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
"ഞാൻ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. വിരമിക്കാനുള്ള ശരിയായ നിമിഷം എപ്പോഴാണെന്ന് അറിയുന്നതിനേക്കാൾ മികച്ച അഭിമാനം മറ്റൊന്നില്ല. ഇതാണ് ശരിയായ സമയമെന്ന് വിശ്വസിക്കുന്നു. എനിക്ക് ഒരു ചുവട് മാറ്റം അനിവാര്യമാണ്. എനിക്ക് 37 വയസായി. അടുത്ത ലോകകപ്പ് നേടുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം.
അവസാന ഗെയിം വരെ എന്റെ എല്ലാം നൽകി എന്ന സമാധാനത്തോടെയാണ് ഞാൻ പോകുന്നത്, തീജ്വാല പതുക്കെ അണഞ്ഞില്ല, അതിനാലാണ് അത് ഇപ്പോൾ തന്നെ വേണമെന്ന് ഞാൻ തീരുമാനിച്ചത്.
2007-ൽ ആദ്യമായി ദേശീയ ടീമിനായി കളിക്കാനിറങ്ങുമ്പോഴുള്ള അതേ ആവേശത്തിലാണ് ഞാൻ അവസാനമത്സരവും കളിക്കാനിറങ്ങുന്നത്. എന്റെ മക്കള്‍ക്ക് മുമ്പില്‍ എന്തെങ്കിലും വലിയ നേട്ടത്തോടെ വിരമിക്കണമെന്നായിരുന്നു ആഗ്രഹം. എടുത്തുപറയാന്‍ വലിയ കിരീടമില്ലെങ്കിലും വിജയങ്ങളോടെ വിടവാങ്ങാനാവുന്നത് സന്തോഷകരമാണ്'- സുവാരസ് പറഞ്ഞു.
17 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 142 മത്സരങ്ങളില്‍ നിന്നായി യുറുഗ്വേക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ (69) നേടിയ താരമെന്ന റിക്കാര്‍ഡോടെയാണ് സുവാരസ് ബൂട്ടഴിക്കുന്നത്. 2007ൽ യുറഗ്വേ കുപ്പായത്തില്‍ അരങ്ങേറിയ സുവാരസ് 2010ല്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ടീമിലും 2011ലെ കോപ അമേരിക്ക കിരീടം നേടിയ ടീമിലും അംഗമായിരുന്നു.
മുൻ ലിവർപൂൾ, ബാഴ്സലോണ താരമായ സുവാരസ് ഇപ്പോൾ എംഎൽഎസിൽ ഇന്റർ മയാമിക്കുവേണ്ടിയാണ് കളിക്കുന്നത്.