സിംഗപ്പുര്‍, ബ്രൂണയ് സന്ദര്‍ശിക്കാന്‍ നരേന്ദ്രമോദി; യാത്ര ഇന്ന്
Tuesday, September 3, 2024 8:37 AM IST
ന്യൂഡല്‍ഹി: സിംഗപ്പുര്‍, ബ്രൂണയ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച യാത്ര തിരിക്കും. ഇന്നുമുതല്‍ അഞ്ച് വരെയാണ് സന്ദര്‍ശനം. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രൂണയ് സന്ദര്‍ശിക്കുന്നത്.
ബ്രൂണയ് സുല്‍ത്താന്‍ ഹാജി ഹസനല്‍ ബോള്‍കിയയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. ഇന്ത്യ-ബ്രൂണയ് തമ്മിലുള്ള നയതന്ത്രബന്ധം തുടങ്ങിയിട്ട് 40 വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മോദിയുടെ സന്ദര്‍ശനം. നിലവിലുള്ള എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം ഉതകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ആറ് വര്‍ഷത്തിനുശേഷം സിംഗപ്പുര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി പ്രസിഡന്റ് തര്‍മന്‍ ഷണ്മുഖരത്നം, പ്രധാനമന്ത്രി ലോറന്‍സ് വോംഗ്, മുതിര്‍ന്ന മന്ത്രി ലീ സിയാന് ലൂംഗ്, എമിരിറ്റസ് സീനിയര്‍ മന്ത്രി ഗോ ചോക് ടോംഗ് എന്നിവരുമായി ചര്‍ച്ച നടത്തും.
ആരോഗ്യം, നൈപുണ്യ ശേഷി, ഡിജിറ്റല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൈകോര്ക്കാനള്ള പദ്ധതികള്‍ക്ക് ധാരണയുണ്ടായേക്കും. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്, എസ്. ജയശങ്കര്‍, പീയൂഷ് ഗോയല്‍, അശ്വിനി വൈഷ്ണവ് എന്നിവരുടെ മന്ത്രിതല സംഘം കഴിഞ്ഞയാഴ്ച സിംഗപ്പൂരിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.