ലാബ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലെടുത്ത കേസ് റദ്ദാക്കി
Tuesday, September 3, 2024 2:26 AM IST
കൊച്ചി: ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അനുമതി ലഭിക്കാത്ത ലബോറട്ടറിയിലെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി.
നെടുങ്കണ്ടം സോറ ട്രേഡിംഗ് കമ്പനിക്കും മാനേജര്‍ രാധാകൃഷ്ണന്, ലൈസന്‍സി സനിത ഷഹനാസ് എന്നിവര്‍ക്കും എതിരേ 2014ൽ എടുത്ത കേസിലെ തുടര്‍ നടപടികളാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് റദ്ദാക്കിയത്.
കേസെടുക്കാന്‍ ആധാരമായ തിരുവനന്തപുരം ഗവ. അനലിസ്റ്റ്സ് ലാബറട്ടറിക്ക് ടെസ്റ്റിംഗ് ലബോറട്ടറികളുടെ ദേശീയ അക്രെഡിറ്റേഷന്‍ ബോര്‍ഡ് നല്കുന്ന അംഗീകാരം ഈ കാലയളവില്‍ ഉണ്ടായിരുന്നില്ലെന്നു വിലയിരുത്തിയാണ് ഉത്തരവ്.
2014 ഓഗസ്റ്റ് 16നാണ് സ്ഥാപനത്തില്‍ വില്പനയ്ക്ക് വച്ചിരുന്ന ചെറുപയര്‍ ഫുഡ് ഇന്‍സ്പെക്ടര്‍ പിടികൂടിയത്. ഗവ. അനലിസ്റ്റ്സ് ലബോറട്ടറിയില്‍ നടത്തിയ അനാലിസിസ് റിപ്പോര്‍ട്ട് എതിരാവുകയും ചെയ്തു. തുടര്‍ന്ന് കേസ് നടപടികള്‍ റാന്നി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നടന്നു വരികയാണ്.
ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നിരോധിക്കപ്പെട്ട വസ്തു പയറില്‍ ചേര്‍ത്തെന്നാണ് കേസ്. മാത്രമല്ല, കീടങ്ങളുള്ളതായും കണ്ടെത്തി. എന്നാല്‍, ഗവ. അനാലിസിസ് ലബോറട്ടറിക്ക് ഈ കാലയളവില്‍ എന്‍എബിഎല്‍ അക്രെഡിറ്റേഷനില്ലാത്തതിനാല് ഇവിടുത്തെ പരിശോധനാഫലം നിയമപരമായി അംഗീകരിക്കാനാവില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.