രണ്ടാം പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കി പാർട്ടി നേതാക്കൾ
റെനീഷ് മാത്യു
Monday, September 2, 2024 8:22 PM IST
കണ്ണൂർ: രണ്ടാം പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കി സിപിഎം നേതാക്കൾ. പി.ജയരാജനും ഇ.പി.ജയരാജനും പിന്നാലെ പി.വി. അൻവറും സർക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബന്ധുനിയമനത്തിന്റെ പേരിലായിരുന്നു മന്ത്രിയായിരുന്ന ഇ.പി. ജയരാജൻ സിപിഎമ്മിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാരിൽ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ടുള്ള സാന്പത്തിക ഇടപാട്, ദല്ലാൾ നന്ദകുമാറുമായിട്ടുള്ള കൂടിക്കാഴ്ചകൾ, ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള ബന്ധം തുടങ്ങിയ സംഭവങ്ങളാണ് വിവാദമായത്.
പി. ജയരാജനും മകനുമെതിരെ ശക്തമായ ആരോപണവുമായി സിപിഎം മുന് ജില്ലാ കമ്മിറ്റി അംഗം മനു തോമസ് രംഗത്ത് എത്തിയപ്പോൾ ഇതിനെ പ്രതിരോധിക്കാൻ നടത്തിയ ശ്രമങ്ങളും സിപിഎമ്മിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നു. സംഘടനയിൽനിന്നു പുറത്തുപോയ ഒരാൾ ആരോപണം ഉന്നയിച്ചതിനെ പ്രതിരോധിക്കാൻ സംസ്ഥാന സമിതിയംഗമായ ജയരാജൻ നടത്തിയ നീക്കങ്ങൾക്കെതിരേ പാർട്ടി നേതൃത്വവും രംഗത്തുവന്നിരുന്നു.
സിപിഎം നേതാക്കൾക്ക് ക്വട്ടേഷൻ സംഘങ്ങളുമായും സ്വർണക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടെന്നായിരുന്നു മനു തോമസ് ഉന്നയിച്ച ആരോപണം. ഈ ആരോപണം ശരിയെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലാണ് സിപിഎം സഹയാത്രികൻ കൂടിയായ എംഎൽഎ പി.വി. അൻവർ നടത്തിയിരിക്കുന്നത്.
പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്വർണം കടത്തുന്നുവെന്ന ആരോപണം ലക്ഷ്യം വയ്ക്കുന്നത് സിപിഎമ്മിലെ പ്രധാന നേതാവായി വരുന്ന പി.ശശിക്കെതിരേയാണ്. പാർട്ടി അച്ചടക്ക നടപടി നേരിട്ട് പ്രധാന പദവികൾ ഇല്ലാതിരുന്ന ശശിയെ കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തോടെയാണ് സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
ഇതിന് പിന്നാലെ പുത്തലത്ത് ദിനേശനെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ചുമതലയിൽനിന്ന് മാറ്റി ശശിക്ക് ചുമതല നൽകുകയും ചെയ്തു. പൊളിറ്റിക്കൽ സെക്രട്ടറിമാരാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന വസ്തുത സർക്കാരുകൾ അംഗീകരിക്കാറില്ലെങ്കിലും അതാണ് വാസ്തവം.
അതായത് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവാദം ഉണ്ടാകുമ്പോൾ പാർട്ടി നേതൃത്വത്തിന് മുന്നിൽ മറുപടി പറയേണ്ടി വരുന്നത് പൊളിറ്റിക്കൽ സെക്രട്ടറിയാണ്. അൻവർ ലക്ഷ്യം വയ്ക്കുന്നത് ശശിയേയാണ്. ആഭ്യന്തരവകുപ്പിനെതിരേ ആരോപണം ഉയരുന്പോൾ മുഖ്യമന്ത്രിയെ ഉൾപ്പെടെ പ്രതിരോധിക്കേണ്ട ബാധ്യതയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ചുമലിലുണ്ട്.