മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനക്ക് അനുമതി
Monday, September 2, 2024 5:05 PM IST
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷന് അംഗീകരിച്ചു. ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്നാടിന്റെ വാദം കമ്മീഷൻ തള്ളി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിയുടെ പതിനെട്ടാമത് യോഗമാണ് തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ കേന്ദ്ര ജല കമ്മീഷന് ആസ്ഥാനത്ത് ചേർന്നത്.12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
2011 ന് ശേഷം കേരളത്തിന്റെ ഈ ആവശ്യം അംഗീകരിക്കുന്നത് ആദ്യമായാണ്. സുരക്ഷാ പരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്ന ശക്തമായ നിലപാടാണ് കേരളം സ്വീകരിച്ചത്. അണക്കെട്ടില്‍ ആദ്യം അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കേരളം വ്യക്തമാക്കി.
പത്തുവര്ഷത്തിലൊരിക്കല് രാജ്യത്തെ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന ആവശ്യമാണെന്നാണ് കേന്ദ്ര ജലകമ്മീഷന്റെ സുരക്ഷാപുസ്തകത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 2011 ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അവസാനമായി സമഗ്ര സുരക്ഷാപരിശോധന നടന്നത്.